Written By Kvarthakgd on 15 Dec 2011 | 10:39
മഴ തിമിര്‍ത്തു പെയ്യുകയാണ്. വേഗതയിലോടിയിട്ടും വാഹനത്തിന് വേഗത പോരെന്ന് ആ വൃദ്ധമനസ്സിനു തോന്നി. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുന്ന മഴ. അദ്ദേഹം തന്റെ സമീപത്ത് ഇരിക്കുന്ന മകനെ ഒളികണ്ണിട്ടുനോക്കി. അവന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ വല്ലതും ഉണ്ടോയെന്ന് അയാള്‍ ശ്രദ്ധിച്ചു. അവന്റെ മനസ്സ് വേദനിക്കുന്നുണ്ടാവുമോ, അവന്റെ കണ്ണുകള്‍ നനയുന്നുണ്ടോ. ഇല്ല. എല്ലാം എന്റെ പഴഞ്ചന്‍ മനസ്സിലെ വെറും തോന്നല്‍മാത്രമാണ്. അവനില്‍ തന്റെ മകനില്‍ യാതൊരു ഭാവഭേദവുമില്ല. കാറ് ചളിവെള്ളം തെറിപ്പിച്ചുകൊണ്ട് കുഴികളിലൂടെ കയറിയും ഇറങ്ങിയും ലക്ഷ്യം തേടാനുള്ള കുതിപ്പിലാണ്. യാത്രാവസാനം വൃദ്ധ സദനത്തില്‍ എത്തിയിട്ട് തന്നെ അവിടെ ഉപേക്ഷിച്ചിട്ടുവേണം തന്റെ മകന് ഒന്ന് വിശ്രമിക്കാന്‍, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആശ്വസിക്കാന്‍.
താന്‍ തന്റെ മകന് വയസ്സുകാലത്ത് ഭാരമാണെന്ന് ആ വൃദ്ധമനസ്സിന് തോന്നാതിരുന്നില്ല. മാതാപിതാക്കളെ വയസ്സുകാലത്ത് നോക്കാന്‍ കഴിയുന്നത് ഒരു പുണ്യമായി പണ്ടു കാലത്ത് കരുതിയിരുന്നു. എന്നാല്‍ ഇന്ന് പരിഷ്‌ക്കാരങ്ങളോടൊപ്പം പുണ്യവും നന്മയും നമ്മോട് വിടപറയുകയാണോ. അയാള്‍ ചിന്തിച്ചു. ഇവിടെ മൃഗവും മനുഷ്യനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്. അയാള്‍ ചിരിച്ചു. ചിന്തകള്‍ കാടുകയറുകയാണോ. അല്ല, ചിന്തകള്‍ സത്യമാണോ. ഞാന്‍ ചിന്തിക്കുന്നത് സത്യമല്ലേ. പോറ്റി വളര്‍ത്തിയ പശുക്കളെ കറവ വറ്റിയാല്‍ അറവുകാര്‍ക്ക് വില്‍ക്കാറാണ് പതിവ്. അതിനെകൊണ്ട് പിന്നെ ആര്‍ക്കാണ് ഉപയോഗം. അതുപോലെ താനും.........താനും.
അറവ് ശാലയില്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്ന ബലിമൃഗമാണോ ? വാര്‍ദ്ധക്യം ബാധിച്ച മനുഷ്യന്‍ അറവ് മൃഗമാണോ. തന്നെയും അറവ് ശാലയില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോവുകയാണോ. സ്‌നേഹവും പരിചരണവും ലഭിച്ച് മക്കളോടും പേരമക്കളോടുമൊപ്പം കഴിയേണ്ടതന്നെ ഈ വാര്‍ദ്ധക്യകാലത്ത് അറവ് ശാലയിലേക്ക്. ചിന്തകള്‍ ഗദ്ഗധങ്ങളായി മുറിഞ്ഞു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. തന്നെയും അറവ് ശാലയില്‍ ഉപേക്ഷിക്കാന്‍ തന്റെ മകന്‍ കൊണ്ടുപോകുന്നു. പോറ്റിവളര്‍ത്തിയ താന്‍ ലാളിച്ച് വളര്‍ത്തി തനിക്ക് വയസുകാലത്ത് താങ്ങാകുമെന്ന് കരുതിയ തന്റെ മകന്‍. അയാള്‍ നിശ്വസിച്ചു.
തന്റെ പ്രേയസി നേരത്തെ പോയത് ഭാഗ്യമായി. അല്ലെങ്കില്‍ അവള്‍ക്കും ഈ ഗതിവരുമായിരുന്നു. ഓര്‍മ്മകള്‍ പാതി വഴി മുറിഞ്ഞു. തണുത്ത കാറ്റടിച്ചു. വൃദ്ധന്‍ കാറിന്റെ ചില്ലുയര്‍ത്തി. തണുപ്പില്‍ നിന്നും തന്റെ ശരീരത്തെ രക്ഷിച്ചു. അപ്പോഴും മകന്റെ ശ്രദ്ധവേറെ എവിടെയോ ആയിരുന്നു. അവന്‍ ടെന്‍ഷനിലായിരുന്നു. അച്ഛനെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് ഒന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്ത അവനെ വേട്ടയാടുകയായിരുന്നു. എപ്പോഴും അവന് ടെന്‍ഷന്‍ തന്നെ.ടെന്‍ഷന്‍ ഒഴിഞ്ഞ നേരം അവന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആ വൃദ്ധന്‍ തന്റെ മകനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മനുഷ്യനെപോലെ ചിരിക്കാനും, ചിന്തിക്കാനും, കരയാനും അവന് കഴിയുന്നില്ല. എപ്പഴും പണം സമ്പാദിക്കാനുള്ള നെട്ടോട്ടം. ദൈവം തന്ന ഈ മനോഹര ജീവിതം പണം വാരിക്കൂട്ടാന്‍ വേണ്ടി ചിലവഴിക്കാനുള്ളതാണെന്ന് അവന്‍ കരുതുന്നു. അവന് ഉറങ്ങാന്‍ സമയമില്ല. വൃദ്ധന്‍ മെല്ലെ സീറ്റിലേക്ക് തലചായ്ച്ച് കണ്ണുകള്‍ അടച്ചു.
ഓടി തളര്‍ന്ന കാറ് വൃദ്ധ സദനത്തിനു മുമ്പില്‍ നിന്നു. വൃദ്ധന്‍ അവിടമാകെ വീക്ഷിച്ചു. തന്നെപോലെ ധാരാളം വൃദ്ധന്മാര്‍ ആ സദനത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരിക്കാം അതിനെ വൃദ്ധസദനം എന്ന ഓമന പേര് വിളിക്കാന്‍ കാരണമെന്ന് അയാള്‍ തോന്നി. അധികൃതരുമായി നേരത്തെ കരാറുകള്‍ പറഞ്ഞ് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് അധിക സമയം മകന് അവിടെ നില്‍ക്കേണ്ടിവന്നില്ല. കുറച്ചുസമയങ്ങള്‍ക്കുശേഷം തന്നെ തനിച്ചാക്കി തന്നെ പൊറ്റിവളര്‍ത്തിയ തന്റെ അച്ഛനെ ഉപേക്ഷിച്ച് തിരിച്ചുപോകുമ്പോള്‍ ആ മകന്‍ അച്ഛനോട് പറഞ്ഞു. '' അച്ഛന്‍ എന്നെ വെറുക്കരുത്. ഞങ്ങളുടെ കാര്യം അച്ഛന് അറിയാവുന്നതല്ലേ. ഞാന്‍ ഇടയ്ക്ക് വന്ന് അച്ഛനെ കണ്ടോളാം.'' അവന്‍ അച്ഛനോട് യാത്ര പറഞ്ഞു. മകന്‍ കണ്‍മുന്നില്‍ നിന്നും മറയുന്നതുവരെ അച്ഛന്‍ നോക്കിനിന്നു.
അവന്റെ കുഞ്ഞുപ്രായം. അവനെ നേഴ്‌സറി സ്‌കൂളില്‍ ചേര്‍ത്ത് തിരിച്ച് വരുമ്പോള്‍ അവന്‍ കരഞ്ഞിരുന്നു. അന്ന് അച്ഛനായ താനും കരഞ്ഞു. എന്നാല്‍ ഇന്നോ. നേഴ്‌സറി കുട്ടിയെപ്പോലെ തന്നെയും ഇവിടെ അവന്‍ ഉപേക്ഷിച്ച് പോവുകയാണ്. ഇന്ന് കുട്ടിയായ ഞാന്‍ കരഞ്ഞു. എന്നാല്‍ രക്ഷിതാവായ തന്റെ മകനോ. അവന്‍ കരഞ്ഞിരുന്നുവോ. ഇല്ല. അവന് ആശ്വാസമായിരുന്നു. ഒരു ശല്യം ഒഴിഞ്ഞ് കിട്ടിയതിലുള്ള ആശ്വാസം. സമ്പന്നര്‍ക്കായുള്ള വിദ്യാലയത്തില്‍ ഞങ്ങള്‍ അവനെ ചേര്‍ത്തു. അവന്‍ പഠിച്ച് വലിയവനായി. വരും കാലങ്ങളില്‍ പരിഷ്‌കൃതലോകം സമ്പന്നര്‍ക്കുമാത്രമായി വൃദ്ധ സദനങ്ങളും വേര്‍തിരിക്കുമോ. അവര്‍ക്കുവേണ്ടിമാത്രമായി പ്രത്യേക വൃദ്ധസദനങ്ങള്‍ പണിയുമോ. അവിടെ സമ്പന്നരുടെ ജീവിത സൗകര്യവും സമ്പന്നര്‍ക്കുമാത്രമായി സുഖമുള്ള മരണവും ലഭിക്കോ? അവിടെ വേദനയ്ക്കുപോലും സമ്പന്നതയുടെ പൊങ്ങച്ചത്തിന്റെ മുഖംമൂടി അണിയേണ്ടിവരുമോ? അയാള്‍ പുച്ഛത്തോടെ ചിരിച്ചു. ആ ചിരിയില്‍ വേദനകലര്‍ന്നിരുന്നു.
മഴ നിലച്ചിരിക്കുന്നു. കര്‍ക്കിടകമാസമാണ്. വൃദ്ധസദനത്തിലെ അന്തേവാസികള്‍ അവരുടെ സഹചാരിയായിരുന്ന ഒരു മൂലയില്‍ വിശ്രമിക്കുകയായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട പഴയ റേഡിയോ ഓണ്‍ചെയ്തു. തങ്ങളുടെ കൊച്ചുറേഡിയോയില്‍ അവര്‍ വേവ്വെറെ നിലയങ്ങള്‍ പരതി. രാമായണം പാരായണം ചെയ്യുന്ന നിലയമായിരുന്നു അവരുടെ ലക്ഷ്യം. അവസാനം രാമായണ പാരായണം അവരെ തേടിയെത്തി. പുത്ര ദു:ഖത്താല്‍ വിലപിക്കുന്ന ദശരഥന്റെ വിലാപം അവരുടെ കര്‍ണ്ണങ്ങളെ തഴുകിയപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ പരസ്പരം നോക്കി. അവരും മറ്റൊരു ദശരഥനാവുകയായിരുന്നു. പുത്രന്മാരെ കണ്ടുകൊണ്ട് മരിക്കാനുള്ള ഭാഗ്യം തങ്ങള്‍ക്കും കൈമോശം വരികയാണോ. ഗദ്ഗധത്തോടെ അവര്‍ പറഞ്ഞു. അവരുടെ വിലാപങ്ങള്‍ ആരും കേട്ടില്ല. അപ്പോഴും വെളിയില്‍ അവരെ ആശ്വസിപ്പിക്കാനെന്നപോലെ മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.
-ചന്ദ്രന്‍ പൊള്ളപ്പൊയില്‍
EmailShare